കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. എന്നാൽ, ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്ന് കോടതി വിമർശിച്ചു.
ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്‌നങ്ങളില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബ്രാഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷൻ സെക്രട്ടറി ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. രേഖകളും ഹാജരാക്കണമെന്നാണ് നിർദ്ദേശം. ഓരോ ദിവസവും നിർണായകമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം നടത്തണമെന്നും വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, തീപിടുത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും കോടതി പറഞ്ഞു. ഉത്തരാവാദിത്തപ്പെട്ടവരുടെ വിശദീകരണം ആദ്യം കേൾക്കട്ടെയെന്ന് പറഞ്ഞ ശേഷം മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് ഹാജരാകാനും കോടതി നിർദ്ദേശം നൽകി.

