മേഘാലയയിലും നാഗാലാന്‍ഡിലും പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

മേഘാലയയിലെയും നാഗാലാന്‍ഡിലെയും മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും. നിലവിലെ മുഖ്യമന്ത്രിമാരായ കോണ്‍റാഡ് സാങ്മ മേഖാലയയിലും നെഫ്യു റിയോ നാഗാലാന്റിലും സത്യവാചകം ചൊല്ലിക്കൊടുക്കും.

മേഘാലയയില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ സമിതിയായ മേഘാലയ ഡമോക്രാറ്റിക് അലയന്‍സ് (എംഡിഎ) മന്ത്രിസഭാ രൂപികരണത്തിന് മുന്നോടിയായി വീണ്ടും നിലവില്‍ വന്നു. മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ചെയര്‍മാനായ സമിതിയില്‍ ബിജെപി, യുഡിപി, എച്ച്എസ്പിഡിപി, പിഡിഎഫ് എന്നീ പാര്‍ട്ടികളാണുള്ളത്. പുതിയ മന്ത്രിസഭയില്‍ സാങ്മയുടെ എന്‍പിപിക്ക് 8 മന്ത്രിമാരെ ലഭിക്കും. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. 12 മന്ത്രിമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 4 പേര്‍ ഗാരോ ഹില്‍സില്‍നിന്നും 8 പേര്‍ ഖാസി – ജയന്റിയ ഹില്‍സില്‍നിന്നുമാണ്. 11 എംഎല്‍എമാരുള്ള യുഡിപി, 2 എംഎല്‍എമാരുള്ള പിഡിഎഫ് എന്നിവര്‍ കൂടി പിന്തുണ അറിയിച്ചതോടെ സാങ്മ സര്‍ക്കാരിന് നിലവില്‍ 45 എംഎല്‍എമാരുടെ പിന്തുണ നേടാന്‍ സാധിച്ചു.

അതേസമയം, നാഗാലാന്‍ഡില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നെഫ്യൂ റിയോ തുടര്‍ച്ചയായ അഞ്ചാം തവണയാണ് മുഖ്യമന്ത്രിയാവുന്നത്. സഖ്യകക്ഷിയായ ബിജെപിക്കാണ് ഇവിടെ ഉപമുഖ്യമന്ത്രി സ്ഥാനം. രണ്ട് സംസ്ഥാനങ്ങളിലെ ൃയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി അടക്കമുള്ള ബിജെപിയുടെ ദേശീയ നേതാക്കള്‍ പങ്കെടുക്കും.