കാഞ്ഞങ്ങാട്: പൗരത്വഭേദഗതി ബില്ലിന്റെ കാര്യത്തിലും കാശ്മീര്‍ വിഷയത്തിലും സുപ്രീംകോടതി ജഡ്ജിമാര്‍ പരാജയപ്പെട്ടെന്ന വിമര്‍ശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കാഞ്ഞങ്ങാട്ടെ ഒരു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന നിയമം അത് ഭരണഘടനാപരമാണോ അല്ലയോ എന്നു തീരുമാനിക്കാതെ സുപ്രീംകോടതി ജഡ്ജിമാര്‍, അതിനെതിരെ വന്ന ഹര്‍ജികളില്‍ന്മേല്‍ ഇരുന്നുറങ്ങുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സുപ്രീംകോടതി ജഡ്ജിമാര്‍ ഈ വിഷയത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവിയെടുത്തു കളഞ്ഞ വിഷയവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ അതിലുള്ള ആപല്‍ക്കരമായ ഭാഗം തൊടാന്‍ ജഡ്ജിമാര്‍ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് പാതി വിധി മാത്രമാണുണ്ടായത്. സുപ്രീംകോടതിക്കെതിരെ ഞാന്‍ പറഞ്ഞുവെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുമായിരിക്കും. ബോധപൂര്‍വം തന്നെയാണിത് പറയുന്നത്. ആരെങ്കിലുമൊക്കെ ഇക്കാര്യങ്ങള്‍ തുറന്നടിച്ചു പറയണ്ടേ’- എം.എ ബേബി കൂട്ടിച്ചേര്‍ത്തു.

