ഡൽഹിയിൽ മോദിയും കേരളത്തിൽ മുണ്ടുടത്ത മോദിയും; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊലീസ് പരിശോധന നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിബിസി ഓഫീസിൽ ഇൻകം ടാക്‌സിനെക്കൊണ്ട് റെയ്ഡ് നടത്തിയ നരേന്ദ്രമോദിയും ക്രൈം ബ്രാഞ്ചിനെക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മിൽ വ്യത്യാസമെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു.

ഡൽഹിയിൽ നടക്കുന്നതിന്റെ തനിയാവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും സതീശൻ അറിയിച്ചു. ഡൽഹിയിൽ മോദിയും കേരളത്തിൽ മുണ്ടുടത്ത മോദിയും ആണ് എന്ന് പറയുന്നത് ഒരു തെറ്റുമില്ലാ എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്വയം പ്രഖ്യാപിക്കുന്ന അവസ്ഥയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പരിശോധനയിലൂടെ കണ്ടത്. ഇത് ഒറ്റപ്പെട്ട കാര്യമല്ലെന്നും സംസ്ഥാനത്ത് ഇത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമരം ചെയ്യുന്ന എല്ലാവരോടും ഈ അസഹിഷ്ണുതയാണ്. ഫാസിസത്തിന്റെ ഒരു വശമാണ് ഇത്. പതിപക്ഷം മുഖ്യമന്ത്രിയുടെ കുടുംബത്തെ എവിടെ വേട്ടയാടി എന്നാണ് ഇ പി ജയരാജൻ പറയുന്നത്. തന്റെ കുടുംബത്തിനെതിരായ ആരോപണങ്ങൾ ഉണർന്നപ്പോൾ അതിൽ മുഖ്യമന്ത്രിയുടെ കുടുംബത്തെ കൂടി ഉൾപ്പെടുത്താനാണ് ഇ പി യുടെ ശ്രമം. കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള എം കെ രാഘവന്റെ പ്രസ്താവനക്ക് കെ പി സി സി പ്രസിഡന്റ് മറുപടി നൽകും. സാധാരണ കുടുംബത്തിൽ ഉണ്ടാകുന്ന ചേട്ടൻ അനിയൻ പ്രശ്‌നങ്ങൾ ആയി അത് കണ്ടാൽ മതിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.