‘ത്രിപുരയില്‍ ഒന്നിച്ചുകൂടിയിട്ടും എന്തു സംഭവിച്ചു എന്നുള്ളത് ഗോവിന്ദന്‍ ഓര്‍ക്കുന്നത് നല്ലത്’: കെ. സുരേന്ദ്രന്‍

തൃശൂര്‍: ചാരിറ്റി രാഷ്ട്രീയമായി ഉപയോഗിച്ചാലും തൃശൂരില്‍ ബിജെപി വിജയിക്കില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘എം. വി. ഗോവിന്ദന് കാര്യം പിടി കിട്ടി എന്നാണ് തോന്നുന്നത്. സി. പി. ഐ ക്കാര്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. വോട്ട് കോണ്‍ഗ്രസ്സിനു മറിക്കാനുള്ള ഉദ്ദേശമാണ് ഈ പ്രസ്താവനക്കു പിന്നിലുള്ളത്. ത്രിപുരയില്‍ ഒന്നിച്ചുകൂടിയിട്ടും എന്തു സംഭവിച്ചു എന്നുള്ളത് ഗോവിന്ദന്‍ ഓര്‍ക്കുന്നത് നല്ലത്. ഒരു കൊല്ലം മുമ്‌ബേ ഉള്ളിലിരിപ്പ് തുറന്നു പറഞ്ഞതിന് നന്ദി.

ശേഷം ഗോദയില്‍…’

അതേസമയം, 365 ദിവസവും തൃശൂരില്‍ ക്യാമ്ബ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി വിജയിക്കില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. തൃശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ട് പോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.