പല്ലു തേയ്ക്കുമ്പോൾ മോണയിൽ നിന്നും രക്തം വരാറുണ്ടോ; ഇക്കാര്യം ശ്രദ്ധിക്കൂ….

പല്ലു തേയ്ക്കുമ്പോൾ നിങ്ങൾക്ക് മോണയിൽ നിന്നും രക്തം വരാറുണ്ടോ. മോശം ദന്ത ശുചിത്വത്തിന്റെ ഫലമായിരിക്കാമിതെന്നാണ് വിദഗ്ധർ പറയുന്നത്. ചിലർക്ക് ആപ്പിൾ കടിക്കുമ്പോൾ മോണയിൽ നിന്ന് രക്തം വരാറുണ്ട്. എന്നാൽ, മറ്റ് ചിലർക്ക് പല്ലുതേയ്ക്കുമ്പോഴാണ് മോണയിൽ നിന്ന് രക്തം വരാറുള്ളത്. മോണയിൽ നിന്ന് രക്തം വരുന്നതിനും മോണവീക്കം ഉണ്ടാകുന്നതിനും പല കാരണങ്ങളുണ്ട്. വൃത്തിയില്ലായ്മ തന്നെയാണ് ഇതിന്റെ പ്രധാനകാരണം.

അണുക്കൾ മൂലം മോണയിൽ പഴുപ്പുണ്ടാവുകയും ഇത് രക്തം വരുന്നതിനിടയാക്കുകയും ചെയ്യും. ശരീരത്തിൽ വൈറ്റമിൻ സിയുടെയും കെയുടെയും അഭാവം ഉണ്ടായാലും ഇത് ഉണ്ടാകാനിടയുണ്ട്. കൂടിയ അളവിലുള്ള പുകയില ഉപയോഗമാണ് ഇതിന് പിന്നിലെ മറ്റൊരു കാരണം. ഗർഭാവസ്ഥയിലെ ഹോർമോൺ വ്യതിയാനവും മോണയിൽ രക്തം വരാൻ കാരണമാകുന്നുണ്ട്. തെറ്റായ ഭക്ഷണ രീതിയും മോണ വീക്കത്തിന് കാരണമാകും.

ദിവസത്തിൽ രണ്ട് തവണയെങ്കിലും നിർബന്ധമായും പല്ല് തേക്കണം. പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണമോ പാനീയങ്ങളോ പല്ലുകളെ കേട് വരുത്തും. അത്തരം ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗം നാം നിയന്ത്രിക്കണം. ഇങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ വായ നന്നായി കഴുകുകയും ബ്രഷ് ചെയ്യുകയും വേണം. ഇടയ്ക്കിടെ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുന്നതും നല്ലതാണ്.