ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം; അപകീർത്തികരമായ ചുവരെഴുത്തുകൾ ആലേഖനം ചെയ്തു

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം നടന്നു. ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിന്റെ ചുറ്റുമതിലിൽ അപകീർത്തികരമായ ചുവരെഴുത്തുകൾ ആലേഖനം ചെയ്യുകയായിരുന്നു.

സംഭവത്തിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂലികളാണെന്നാണ് റിപ്പോർട്ട്. നേരത്തെയും സമാന രീതിയിലുള്ള അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് ചുവരെഴുത്ത് ശ്രദ്ധിച്ചത്. ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങളാണ് ചുവരിൽ ആലേഖനം ചെയ്തിരുന്നത്. അതേസമയം, വിഷയം ക്വീൻസ്ലാന്റ് പൊലീസിനെ അറിയിച്ചതായി ഹിന്ദു ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ സാറാ ഗേറ്റ്‌സ് അറിയിച്ചു. ക്ഷേത്രത്തിന്റെയും വിശ്വാസികളുടെയും സുരക്ഷ പൊലീസ് ഉറപ്പ് നൽകിയിട്ടുള്ളതായും സാറാ ഗേറ്റ്‌സ് വ്യക്തമാക്കി.

ജനുവരി മാസം ഓസ്‌ട്രേലിയയിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ ഖാലിസ്ഥാൻ അനുകൂലികൾ സമാനമായ രീതിയിൽ ആക്രമിച്ച് വികൃതമാക്കിയിരുന്നു. മെൽബണിലെ ആൽബർട്ട് പാർക്കിലെ ഇസ്‌കോൺ ക്ഷേത്രം, വിക്ടോറിയ കാരം ഡൗൺസിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെൽബണിലെ സ്വാമി നാരായണ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്.