വടക്കൻ സംസ്ഥാനങ്ങളിലെ വിജയം കണ്ട് കേരളത്തിലെ ക്രിസ്ത്യൻ വോട്ടുകൾ കിട്ടുമെന്ന് ബിജെപി പ്രതീക്ഷിക്കേണ്ട; എം വി ഗോവിന്ദൻ

പാലക്കാട്: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വടക്കൻ സംസ്ഥാനങ്ങളിലെ വിജയം കണ്ട് കേരളത്തിലെ ക്രിസ്ത്യൻ വോട്ടുകൾ കിട്ടുമെന്ന് ബിജെപി പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ക്രൈസ്തവർക്കിടയിൽ ആർ എസ് എസിന് സ്വാധീനം ഉണ്ടാക്കുക വലിയ പ്രയാസമുള്ള കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ക്രിസ്ത്യാനികളെ കണ്ട് ബിജെപി വിയർക്കേണ്ട. കേരളത്തിൽ അധികാരത്തിൽ വരുമെന്ന് കഴിഞ്ഞ ത്രിപുര തെരഞ്ഞെടുപ്പിനു ശേഷവും ബിജെപി പറഞ്ഞിരുന്നതാണ്. ത്രിപുരയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി ക്രിസ്ത്യാനികൾക്ക് വലിയ സ്വാധീനമുള്ള മേഘാലയയിലും നാഗാലാന്റിലും സഖ്യകക്ഷികൾക്കൊപ്പം ചേർന്നും അധികാരം ഉറപ്പിച്ചിരിക്കുകയാണ്. വെറുതേ കുറേ പാർട്ടികളും മുന്നണിയുമായി നീങ്ങിയാൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ല. ഓരോ യൂണിറ്റ് സംസ്ഥാനങ്ങളിൽ രൂപീകരിച്ച് ബിജെപി ഇതരവോട്ടുകൾ സമാഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.