അച്ചടക്കലംഘനം; സംസ്ഥാനത്ത് ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിലായി കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. ഗുരുതര ചട്ടലംഘനവും, അച്ചടക്കലംഘനവും നടത്തുകയും സ്വഭാവ ദൂഷ്യപരമായ പ്രവര്‍ത്തി കാരണം കോര്‍പ്പറേഷന്റെ സല്‍പേരിന് കളങ്കം വരുത്തുകയും ചെയ്ത ജീവനക്കാരെയാണ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 28 ന് അപകടകരമാം വിധം ബസ് ഡ്രൈവ് ചെയ്തത് കാരണം രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ ബിനുവിനെ സസ്‌പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ബിഹേവിയറല്‍ ചെയ്ഞ്ച് ട്രെയിനിംഗില്‍ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടര്‍ ബിജു അഗസ്റ്റ്യനെയും അന്വേഷണ വിധേയമായി മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. ഫെബ്രുവരി 26 ന് 200 ഗ്രാം ബ്രാസ് സ്‌ക്രാപ്പ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ച പാറശ്ശാല ഡിപ്പോയിലെ ഐ. ആര്‍ ഷാനുവാണ് സസ്‌പെന്‍ഷനിലായ മറ്റ് ജീവനക്കാരന്‍. സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനോട് ഷാനു സഹകരിക്കുവാനോ, വിശദീകരിക്കുവാനോ തയ്യാറായിരുന്നില്ല. ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കോര്‍പ്പറേഷന്‍ പാറശ്ശാല പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. മദ്യപിച്ച് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുകയോ, മദ്യലഹരിയില്‍ ഓഫീസ്, ഗ്യാരേജ്,ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നിരിക്കെ ഫെബ്രുവരി 19 ന് ആലുവ എറണാകുളം ഡിപ്പോയില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ.എസ് ബിജുകുമാര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം, നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടറുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപ അയാള്‍ക്ക് നല്‍കുകയും ശേഷം തിരികെ വാങ്ങുകയും, ആ തുകയില്‍ തിരിമറി നടത്താന്‍ ശ്രമിക്കുകയും ചെയ്ത നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജനറല്‍ ഇന്‍സ്‌പെക്ടര്‍ ടി. ഐ സതീഷ്‌കുമാറിനേയും, 2022 ഡിസംബര്‍ 10 കോഴിക്കോട് ഡിപ്പോയിലെ ബസിലെ യാത്രക്കാരനില്‍ നിന്നും ലഗേജിന്റെ നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് യാത്രാക്കാരന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയ കണ്ടക്ടര്‍ പി.ജെ പ്രദീപിനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.