തൃശ്ശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് അനിൽ അക്കര വ്യക്തമാക്കി. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചതെന്നും അനിൽ അക്കര ആരോപിച്ചു.
മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ചേർന്നതിന്റെ റിപ്പോർട്ടും അനിൽ അക്കര പുറത്തുവിട്ടിട്ടുണ്ട്. ലൈഫ് മിഷൻ സിഇഒ യു വി ജോസ്, മുൻ മന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നൽകിയ കത്താണ് അനിൽ അക്കര വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടത്. കോൺസൽ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തുവെന്നും വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ് സി ആർ എ) നിയമ ലംഘനം നടന്നതെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.

