ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനരീതിയിൽ മാറ്റം. സുപ്രീം കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എന്നിവരെ തിരഞ്ഞെടുക്കാൻ സുപ്രീം കോടതി മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തേക്ക് ഉൾപ്പെടെയുള്ള നിയമനങ്ങളിൽ രാഷ്ട്രപതിയ്ക്ക് പേരുകൾ നിർദ്ദേശിക്കുക ഈ സമിതിയായിരിക്കും. ജസ്റ്റിസ് കെഎം ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ കമ്മിഷണർമാരെ നിയമിക്കാൻ സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലായിരുന്നു സുപ്രീം കോടതിയുടെ നടപടി. പാർലമെൻറിൽ ഇതുസംബന്ധിച്ച നിയമനിർമാണം ഉണ്ടാകുന്നതുവരെ ഈ സമിതി തുടരുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രീയത്തിന് അധീതമായ വ്യക്തികൾ തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ എത്തണമെന്നതുകൊണ്ടാണ് ഇത്തരമൊരു വിധി പ്രസ്താവിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം വിവിധ സർക്കാരുകൾ അധികാരത്തിൽ വന്നുവെങ്കിലും ഒരു സർക്കാരുകളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറേയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരേയും നിയമക്കുന്നതിനുള്ള നിയമനിർമാണം കൊണ്ടുവന്നിട്ടില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യത്തിൽ കോടതി ഇടപെടുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

