പാചകവാതകവില വർദ്ധനവിൽ എന്താണ് കോൺഗ്രസിന് പറയാനുള്ളത്; പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി ധനമന്ത്രി

തിരുവനന്തപുരം: പാചകവാതകവില വർദ്ധനവിൽ എന്താണ് കോൺഗ്രസിന് പറയാനുള്ളതെന്ന ചോദ്യവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ടു റുപ്പീസ് ഈസ് ബിഗർ ദാൻ 20 റുപ്പീസ്’ എന്നാണ് പ്രതിപക്ഷത്തിന്റെ തിയറിയെന്നും അദ്ദേഹം പരിഹസിച്ചു.

പാചകവാതകത്തിന് 50 രൂപ കൂട്ടിയതിനെക്കുറിച്ച് യുഡിഎഫ് ഒന്നും പറയുന്നില്ല. പാചകവാതക വിലവർദ്ധനയെപ്പറ്റി എന്താണ് കോൺഗ്രസിന് പറയാനുള്ളത്. രണ്ട് വർഷം കൊണ്ട് പാചകവാതകത്തിന് 500 രൂപയോളം വർധിപ്പിച്ചതിൽ കോൺഗ്രസിന്റെ അഭിപ്രായം അറിയാൻ താൽപര്യമുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം, നിയമസഭയിൽ ഉന്നയിച്ച 400 ചോദ്യങ്ങൾക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകിയില്ലെന്ന പരാതി കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ പി അനിൽകുമാറാണ് സ്പീക്കർക്ക് പരാതി നൽകിയത്.