ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2354.40 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. നിലവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണ്. നിലവിലെ അളവിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചാൽ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.
നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരിക്കാൻ കഴിയുന്ന അളവിന്റെ 49.50 ശതമാനത്തോളം മാത്രമാണ്. കഴിഞ്ഞവർഷം ഇതേസമയം 71% വെള്ളം അണക്കെട്ടിൽ ഉണ്ടായിരുന്നു. ജലനിരപ്പ് 2199 അടിയെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും.
ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ടത് 670 ലിറ്ററോളം വെള്ളമാണ്. തുലാവർഷമഴ കിട്ടാതിരുന്നതും വേനൽ മഴ പെയ്യാത്തതുമാണ് ജലനിരപ്പ് കുറയാൻ കാരണം. ദിവസേന അഞ്ചു ദശലക്ഷം യൂണിറ്റോളം വൈദ്യുതിയാണ് നിലവിൽ ഉൽപ്പാദിപ്പിക്കുന്നത്. ചൂടു കൂടിയതിനാൽ ഉപഭോഗവും വർദ്ധിച്ചിട്ടുണ്ട്. വൈദ്യുത്പാദനം കൂട്ടിയാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

