വേനൽ കനക്കുന്നതോടെ സംസ്ഥാനത്ത് ചൂടും ഉയരുകയാണ്. അതിനാൽ തന്നെ പ്രത്യേക ശ്രദ്ധ വേണ്ട സമയമാണിത്. വേനൽക്കാലത്ത് നിങ്ങൾക്ക് കൈകാൽ കഴപ്പ് തോന്നാറുണ്ടോ. ശരീരം വിയർത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നത് പേശിവലിവിന് കാരണമാകും. ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പേശിവലിവ് അനുഭവപ്പെട്ടാൽ തണലിൽ വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. ഉപ്പിട്ട നാരങ്ങ വെള്ളം കഞ്ഞിവെള്ളം എന്നിവ കുടിക്കുന്നത് നല്ലതാണ്. ഏതാനും മണിക്കൂർ ജോലി ചെയ്യാതെ വിശ്രമിക്കുകയും വേണം. ക്ഷീണം ശാരീരിക അസ്വസ്ഥതകൾ എന്നിവ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.
പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുക. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു കുപ്പിയില്‍ കയ്യില്‍ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്.

