ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ത്രിപുരയിൽ ബിജെപി സഖ്യത്തിന് തുടർ ഭരണം ലഭിക്കുമെന്നും നാഗാലാൻഡിൽ ബിജെപി സഖ്യം ഭരണത്തിലെത്തുമെന്നുമാണ് എക്സിറ്റ് പോൾ പ്രവചനം. മേഘാലയയിൽ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും പ്രവചനമുണ്ട്. ത്രിപുരയിൽ ബിജെപി നിലവിലെ 36 സീറ്റുകളോ 45 സീറ്റ് വരെയോ നേടാൻ സാധ്യതയുണ്ട്. പ്രദ്യുത് ദേബ് ബർമന്റെ തിപ്ര മോത പാർട്ടി 9 മുതൽ 16 വരെ സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തുമെന്നും സിപിഎം-കോൺഗ്രസ് സഖ്യം 6 മുതൽ 11 വരെ സീറ്റ് നേടി മൂന്നാം സ്ഥാനത്തെത്തുമെന്നും സർവെ പ്രവചിക്കുന്നു.
ബിജെപി 29 മുതൽ 36 സീറ്റുകൾ വരെ നേടുമെന്നാണ് സീ ന്യൂസ് മറ്റ്റൈസ് എക്സിറ്റ് പോളും പ്രവചിക്കുന്നത്. ഫെബ്രുവരി 16നാണ് ത്രിപുരയിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. മേഘാലയയിൽ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലേറുമെന്നാണ് സീ ന്യൂസ് മാറ്റ്റൈസ് എക്സിറ്റ് പോൾ പ്രവചനം. 21 മുതൽ 26 വരെ സീറ്റുകൾ എൻപിപി നേടുമെന്നാണും പ്രവചനമുണ്ട്. തൃണമൂൽ കോൺഗ്രസിന് എട്ടു മുതൽ 13 സീറ്റുകൾ വരെയാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപി നില മെച്ചപ്പെടുത്തി ആറു മുതൽ 11 സീറ്റുവരെ നേടിയേക്കും. ആകെ 60 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് ആവശ്യം 31 സീറ്റാണ്.
നാഗാലാൻഡിൽ എൻഡിപിപി – ബിജെപി സഖ്യം വൻ വിജയം നേടുമെന്നാണ് സീ ന്യൂസ് മാറ്റ്റൈസ് എക്സിറ്റ് പോൾ പ്രവചനം. ഈ സഖ്യം 35 -43 സീറ്റുകൾ വരെ നേടും. കോൺഗ്രസിന് ഒന്നു മുതൽ മൂന്നു സീറ്റും എൻപിഎഫിന് രണ്ടു മുതൽ അഞ്ചു സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. മാർച്ച് രണ്ടിനാണ് മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക.

