കിഫ്ബി വായ്പയെ സംസ്ഥാനത്തിന്റെ പൊതു കടത്തിൽ പെടുത്തിയ തീരുമാനം കേന്ദ്രത്തിന് തിരുത്തേണ്ടി വരും; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കിഫ്ബി വായ്പയെ സംസ്ഥാനത്തിന്റെ പൊതു കടത്തിൽ പെടുത്തിയ തീരുമാനം കേന്ദ്രത്തിന് തിരുത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറമേ കുറേയധികം സംസ്ഥാനങ്ങൾ സമാനമായ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ 45-ാം ബോർഡ് യോഗത്തിന്റെ വിശദാംശങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ പരാമർശം.

കിഫ്ബിയുടെ കൈവശം ആവശ്യമായ പണമുണ്ട്. ചില കാരാറുകാർക്ക് പണം അനുവദിക്കാത്തതിന് പിന്നിൽ സാങ്കേതിക കാരണങ്ങളാകാം. ലോക്സഭാ തെരെഞ്ഞെടുപ്പ് വരുന്നത് കൂടി പരിഗണിച്ച് കേന്ദ്ര സർക്കാർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 5682 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് ധനാനുമതി നൽകിയതായും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.