മദ്യനയ കേസ്; മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മദ്യനയ കേസിലാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. മാർച്ച് നാല് വരെയാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. സിബിഐ ജഡ്ജി എൻ കെ നാഗ്പാലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മാർച്ച് നാല് രണ്ട് മണിക്ക് സിസോദിയയെ വീണ്ടും ഹാജരാക്കണമെന്നും കോടതി നിർദ്ദേശം നൽകി. മദ്യനയത്തിൽ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായിട്ടാണെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

അന്വേഷണം മുന്നോട്ട് പോകാൻ മനീഷ് സിസോദിയയെ കൂടുതൽ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. മനീഷ് സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഡിജിറ്റൽ തെളിവുകൾ അടക്കമുള്ള നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ കസ്റ്റഡി ആവശ്യം ഉന്നയിച്ചത്. എഫ്‌ഐആറിൽ ഒന്നാം പ്രതി ഉപമുഖ്യമന്ത്രിയാണെന്നും സിബിഐ വ്യക്തമാക്കി.

എന്നാൽ, നയപരമായ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്നും ഇതിന് ലെഫ്. ഗവർണറുടെ അനുമതി ലഭിച്ചുവെന്നും സിസോദിയ കോടതിയിൽ പറഞ്ഞു. സിബിഐ ആഗ്രഹിക്കുന്നത് പറയുന്നില്ല എന്നത് കൊണ്ട് കസ്റ്റഡി ആവശ്യപ്പെടുന്നത് ശരിയല്ല. തെളിവുകൾ നശിപ്പിച്ചുവെന്ന ആരോപണത്തിന് താൻ മന്ത്രിയാണെന്നും രഹസ്യ സ്വഭാവമുള്ള പലതും ഉള്ളതിനാൽ സെക്കൻറ് ഹാന്റ് ഉപയോഗത്തിന് ഫോൺ നൽകാനാകില്ലെന്നുമായിരുന്നു അദ്ദേഹം മറുപടി നൽകിയത്.