പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് 1,41,000 രൂപ ചിലവ് അനുവദിച്ചു ഉത്തരവിറങ്ങി. നേരത്തെ നിയമന ഉത്തരവ് പ്രകാരമുള്ള ഫീസ് മാത്രമേ നല്‍കൂ എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ കേസിന്റെ സവിശേഷത മാനിച്ച് പണം അനുവദിക്കുന്നു എന്നാണ് ഉത്തരവ്.
നിരവധി തവണ അഭിഭാഷകന്‍ രാജേഷ് എം മേനോന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസില്‍ കോടതിയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഫീസോ, യാത്രാച്ചിലവോ വക്കീലിന് നല്‍കിയിട്ടില്ല. അതിനാല്‍, വിചാരണ നാളിലെ ചിലവെങ്കിലും അനുവദിക്കാന്‍ ഇടപെടണം എന്ന് കാട്ടി അഭിഭാഷകന്‍ കളക്ടര്‍ക്ക് ചിലവ് കണക്ക് സഹിതം കത്തയച്ചിരുന്നു.
അതേസമയം, 240 രൂപയാണ് ഒരു ദിവസം ഹാജരായാല്‍ വക്കീലിന് നല്‍കുക. 1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. ഒരു ദിവസം കോടതിയില്‍ ഹാജരായി മൂന്ന് മണിക്കൂര്‍ ചിലവഴിച്ചാലാണ് 240 രൂപ കിട്ടുക. അല്ലെങ്കില്‍ അത് 170 ആയി കുറയും. കേസില്‍ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്നു പി ഗോപിനാഥ്, ന്യായമായ ഫീസ് അല്ല സര്‍ക്കാര്‍ ഉത്തരിവുള്ളത് എന്ന് പറഞ്ഞാണ് പിന്മാറിയത്. കേസ് ആവശ്യത്തിനായി ചെലവായ 1,63,520 രൂപ അനുവദിക്കണം എന്ന് കാട്ടിയാണ് രാജേഷ് എം മേനോന്‍ കളക്ടര്‍ക്ക് കത്തു നല്‍കിയത്.

