നികുതി കുടിശിക പിരിക്കുന്നതിൽ കെടുകാര്യസ്ഥതയുണ്ട്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പഴയ വിജയനായിരുന്നെങ്കിൽ മറുപടി പറഞ്ഞേനെയെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ഉൾപ്പെടെ അദ്ദേഹം മറുപടി ഫറഞ്ഞു. ഇത് സ്റ്റാലിന്റെ നാടല്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ 4500 കോടിരൂപയുടെ നികുതി ഭാരം ജനത്തിന് മേൽ ഉണ്ടാക്കുന്നു. നികുതി കുടിശിക പിരിക്കുന്നതിൽ കെടുകാര്യസ്ഥതയുണ്ട്. പതിനായിരങ്ങൾ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാന സർക്കാരിന്റെ തെറ്റുകൾ മറക്കാൻ ജനങ്ങളുടെ തലയിൽ കെട്ടി വെക്കാൻ ഉള്ള ശ്രമത്തെ ആണ് പ്രതിപക്ഷം എതിർക്കുന്നത്. സമാധാന സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുന്നു. ഇപ്പോൾ പറയുന്നു, പ്രതിഷേധക്കാർ ആത്മഹത്യാ സ്‌ക്വാഡുകളാണെന്ന്. തങ്ങൾക്ക് പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല. മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ജനം വീട്ടിലിരിക്കേണ്ട അവസ്ഥയെ കുറിച്ചാണ് പറഞ്ഞത്. ഒരാൾ രണ്ടാൾ എന്നൊക്കെ പറയുന്നു, എന്തിനാണ് പേടിച്ച് കരുതൽ തടങ്കളെന്നും എന്തിനാണ് ഉറങ്ങി കിടക്കുന്ന യൂത്ത് കോൺഗ്രസുകാരെ കരുതൽ തടങ്കലിൽ വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

42 സുരക്ഷാ വാഹനങ്ങൾ എന്തിനാണ്. മുഖ്യമന്ത്രി ഒരു ജില്ലയിലെത്തിയാൽ മുഴുവൻ പോലീസിനേയും മുക്കിൽ മുക്കിൽ നിർത്തുകയാണ്. കരിങ്കൊടി കാണിക്കാൻ വരുന്നവരെ ഭയന്ന് 100 കണക്കിന് പോലീസുകാർക്ക് ഉള്ളിൽ എന്തിനു ഒളിച്ചുവെന്നും അദ്ദേഹം ചോദിക്കുന്നു.