തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി അതിവിപുലമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി സിറ്റി പോലീസ് . 750 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ഇന്ന് മുതൽ ഡ്യൂട്ടിക്കായി വിന്യസിക്കുമെന്ന് പോലീസ് അറിയിച്ചു. പൊങ്കാല ഡ്യൂട്ടിയോടനുബന്ധിച്ചുള്ള രണ്ടാം ഘട്ടത്തിൽ സമീപ ജില്ലകൾ, ബറ്റാലിയനുകൾ, സ്പെഷ്യൽ വിംഗുകൾ എന്നിവിടങ്ങളിൽ നിന്നായി 2890 പോലീസുകാർ ഉൾപ്പെടെ 3840പേരെ അധികമായും വിന്യസിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന കൺട്രോൾ റൂമും പാടശേരി കിഴക്കേകോട്ട ഭാഗങ്ങളിൽ രണ്ടു അഡിഷണൽ കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തി. മഫ്തിയിലുള്ള വനിതാ പോലീസിന്റെയും ഷാഡോ പോലീസിന്റെയും സാന്നിദ്ധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. 117 പോലീസ് പിക്കറ്റുകളും 120 ഫുട് പട്രോളിംഗുകളും 8 സ്ട്രൈക്കിംഗ് ഫോഴ്‌സുകളും 10 സ്പെഷ്യൽ സ്ട്രൈക്കിംഗ് ഫോഴ്‌സുകളും 4 ജീപ്പ് പട്രോളിംഗുകളും 4 ബൈക്ക് പട്രോളിംഗുകളും സജ്ജമാക്കി. അടിയന്തിര ഘട്ടം നേരിടുന്നതിനായി ക്ഷേത്രത്തിന്റെ തെക്കുവശം റോഡുവഴി ഹോമിയോകോളേജ്, മരുതൂർകടവ്, ബണ്ടുറോഡു വഴി എമർജൻസി പാതയും തയ്യാറാക്കി.
അതേസമയം, മാർച്ച് ഏഴിനാണ് ആറ്റുകാൽ പൊങ്കാല. ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്പെഷ്യൽ ഓഫീസർ ചുമതല തിരുവനന്തപുരം സബ്കളക്ടർ അശ്വതി ശ്രീനിവാസിനാണ്. പൊങ്കാലയുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടത്തേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ/ശുചീകരണ നടപടികൾ എന്നിവയുടെ എസ്റ്റിമേറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ ജില്ലാ കളക്ടർ മുഖേന സമർപ്പിക്കണം. ഇതിന്റെ തുടർനടപടിക്ക് ധനകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് 2.50 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ വകുപ്പ് അനുവദിച്ച തുകക്ക് പുറമെ തിരുവനന്തപുരം നഗരസഭ 5.2 കോടി രൂപ കൂടി ചെലവിടുന്നതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഹരിത പ്രോട്ടോക്കോൾ പരിശോധനക്കായി സ്‌ക്വാഡ് സജീവമായി രംഗത്തുണ്ട്. നഗരസഭാ ഹെൽത്ത് സ്‌ക്വാഡിന്റെ സജീവ പ്രവർത്തനവും ഉറപ്പാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ ഉണ്ടാകും. ഹെൽത്ത് സർവീസിന്റെ 10 ആംബുലൻസും നൂറ്റി എട്ടിന്റെ (108) രണ്ട് ആംബുലൻസും നഗരസഭയുടെ മൂന്ന് ആംബുലൻസും പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെ 10 ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്. ആറ് മെഡിക്കൽ ക്യാമ്പുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും. ഉത്സവമേഖലയിൽ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിപണനവും കർശനമായി തടയാനുള്ള നടപടികൾ ഉണ്ടാകും. എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പെട്രോളിങ്ങും അനുബന്ധ പരിശോധനകളും ഉണ്ടായിരിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി 2000 പുരുഷ പോലീസിനെ കൂടാതെ 750 വനിതാ പോലീസിനെ കൂടി നിയോഗിക്കും.
ഉത്സവ മേഖലയിൽ ട്രാൻസ്‌ഫോർമർ, ലൈറ്റുകൾ, സോഡിയം വേപ്പർ ലാമ്പിനു പകരം എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികളുടെ അന്തിമ ഘട്ടത്തിലാണ് കെ.എസ്.ഇ.ബി. കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ നടത്തുന്നതിനും കൺട്രോൾ റൂമുകൾ ആരംഭിക്കുന്നതിനും ബസുകൾക്ക് പാർക്കിംഗ് സൗകര്യം കണ്ടെത്തുന്നതിനും തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പൊങ്കാല പ്രമാണിച്ച് സപ്ലൈകോയുടെ മൊബൈൽ മാവേലി സ്റ്റോർ മാർച്ച് 5, 6, 7 തീയ്യതികളിൽ പ്രവർത്തിക്കും. ഉത്സവ മേഖലയിലെ റേഷൻ കടകളിൽ മിന്നൽ പരിശോധന നടത്തുന്നതിന് സപ്ലൈ ഓഫീസിന്റെയും ലീഗൽ മെട്രോളജി സ്‌ക്വാഡുകളുടെയും സജീവ പ്രവർത്തനം ഉറപ്പാക്കിയിട്ടുണ്ട്. അഗ്നിശമന സേനയുടെ ആറ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.

