മലപ്പുറം: ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസുമായുള്ള കൂടിക്കാഴ്ച്ചാ വിവാദത്തിലാണ് എം വി ഗോവിന്ദന്റെ പ്രതികരണം. വിഷയം കുറുക്കന്റെ കയ്യിലേക്ക് കോഴിയെ പോറ്റാൻ കൊടുത്ത അവസ്ഥ ആയി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് സിപിഎം ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആർഎസ്എസുമായുള്ള ചർച്ച തീർന്നിട്ടില്ലെന്ന് ജമാഅത്ത് നേതാക്കൾ തന്നെയാണ് പറയുന്നത്. ചർച്ച തുടരുകയാണത്രേ. വർഗീയശക്തികൾ ഏറ്റുമുട്ടിയാൽ അത് വർഗപ്രസ്ഥാനങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ എസ് എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയുടെ ആളായി കെപിസിസി പ്രസിഡന്റ് മാറി എന്നു പറഞ്ഞാൽ തെറ്റാവില്ല. യുഡിഎഫോ, മുസ്ലിം ലീഗോ, കോൺഗ്രസോ കൂടിക്കാഴ്ച്ചക്കെതിരെ ഇതുവരെ മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ആർഎസ്എസുമായുള്ള ചർച്ചാ വിവാദത്തിന് പിന്നിൽ സിപിഎമ്മിന്റെ തിരക്കഥയാണെന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകവെയാണ് എം വി ഗോവിന്ദന്റെ പരാമർശം.

