സെര്‍ച്ച് കമ്മിറ്റി നിയോഗിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍?; സര്‍ക്കാരിനെതിരെ ഗവര്‍ണര്‍

തിരുവനന്തപുരം: മലയാളം സര്‍വകലാശാലാ വിസി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്.

‘സര്‍ക്കാര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി നിയോഗിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? ഗവര്‍ണറുടെ നോമിനിയെ നല്‍കണമെന്ന് ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണ്? യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കിയില്ല?’- അദ്ദേഹം കത്തില്‍ ചോദിക്കുന്നു.

അതേസമയം, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് സര്‍ക്കാര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുകയും അതിലേക്ക് ഗവര്‍ണറുടെ പ്രതിനിധിയെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് രണ്ട് തവണ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി രാജ്ഭവന് കത്തയച്ചതിന് മറുപടിയായാണ് കത്ത്. വിസി നിയമനത്തില്‍ സര്‍ക്കാരിന് മേല്‍ക്കൈ നല്‍കുന്ന രീതിയിലുള്ള നിയമം പാസാക്കുകയും അത് ഗവര്‍ണറുടെ അനുമതിക്കായി നേരത്തെ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു.