ഗൗതം അദാനിയും നരേന്ദ്ര മോദിയും ഒന്നാണ്; അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗൗതം അദാനിയും നരേന്ദ്ര മോദിയും ഒന്നാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. കോൺഗ്രസ് പ്ലീനറി വേദിയിലാണ് അദ്ദേഹത്തിന്റെ പരാമർശം. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. പ്രധാനമന്ത്രിയും, മന്ത്രിമാരും, സർക്കാരും അദാനിയുടെ രക്ഷകരാകുന്നു. വിമർശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു. ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണ്. ലളിതമായ ചോദ്യങ്ങളാണ് താൻ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് വരെ പോരാട്ടം തുടരും. ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോൺഗ്രസ് അദാനിയെ നേരിടും. അത് ഒരു തപസ്യയാണ്. ചൈനയുടെ സമ്പദ് വ്യവസ്ഥ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയേക്കാൾ വലുതാണെന്നാണ് വിദേശകാര്യ മന്ത്രി പറയുന്നത്. സവർക്കർ സ്വീകരിച്ച നിലപാടിന് തുല്യമാണിത്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയേക്കാൾ വലുതാണെന്നാണ് പണ്ട് സവർക്കർ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് പേർ ഭാരത് ജോഡോ യാത്രയിൽ അണി ചേർന്നു. കൃഷി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, രാസവള ലഭ്യത ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉണ്ടെന്ന് കർഷകരോട് സംസാരിച്ചപ്പോൾ മനസിലായി. വിശപ്പും, ദാഹവുമൊക്കെ മറന്ന് ആയിരങ്ങൾ ഒപ്പം നടന്നു. കശ്മീരിലെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ ഇപ്പോൾ പ്രധാനമന്ത്രിക്ക് കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. കശ്മീരിലെ യുവാക്കളുടെ ഹൃദയം കവർന്നതുകൊണ്ടാണ് തനിക്ക് അതിന് സാധിച്ചതെന്നും കശ്മീരിലെ യുവാക്കൾ തീവ്രവാദികളല്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.