എറണാകുളം: മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തിങ്കളാഴ്ച്ച എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് നടപടി. സിഎം രവീന്ദ്രന്റെ അറിവോടെയാണ് ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും നടന്നതെന്നാണ് സ്വപ്‌നാ സുരേഷ് മൊഴി നൽകിയിട്ടുള്ളത്.
ലൈഫ് മിഷനിലെ കള്ളപ്പണ ഇടപാടിൽ സിഎം രവീന്ദ്രന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി ചാറ്റുകൾ നേരത്തെ പുറത്ത് വന്നിരുന്നു. കരാർ ഉറപ്പിക്കുന്നതിന് മുൻപ് എം ശിവശങ്കറും സ്വപ്നയും 2019 സെപ്റ്റംബറിൽ നടത്തിയ വാട്‌സ് ആപ് ചാറ്റിൽ സിഎം രവീന്ദ്രനെ കൂടി വിളിക്കാൻ ശിവശങ്കർ സ്വപ്നയോട് നിർദ്ദേശിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സിഎം രവീന്ദ്രന്റെ കൂടി അറിവോടെയാണ് സംഘം നീക്കിയതെന്നാണ് ഈ സംഭാഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കോഴപ്പണം പങ്കിട്ടതിലുള്ള പങ്ക് എന്താണെന്ന് രവീന്ദ്രൻ എൻഫോഴ്‌സിന് മുന്നിൽ വിശദീകരിക്കേണ്ടി വരും.
അതേസമയം, ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ പാർട്ടി പരിശോധിക്കണ്ട വിഷയമൊന്നുമില്ലെന്നണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയത്. എന്നാൽ കോഴ ഇടപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നാണ് ബിജെപിയുടെ ആരോപണം.

