ജമ്മു കശ്മീരിലെ ലിഥിയം നിക്ഷേപം ലേലത്തിൽ വെയ്ക്കാൻ കേന്ദ്രം: നിബന്ധന ഇത്രമാത്രം

ശ്രീനഗർ: കശ്മീരിൽ അടുത്തിടെ കണ്ടെത്തിയ ലിഥിയം നിക്ഷേപം ലേലത്തിൽ വെയ്ക്കാൻ കേന്ദ്ര സർക്കാർ. റിയാസി ജില്ലയിൽ കണ്ടെത്തിയ 5.9 ദശലക്ഷം ടൺ വരുന്ന ലിഥിയം നിക്ഷേപമാണ് കേന്ദ്ര സർക്കാർ ലേലത്തിൽ വെയ്ക്കുന്നത്. ഇതിനായുള്ള നടപടികൾ ജൂൺ ആദ്യ പാദത്തിൽ കേന്ദ്രം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മറ്റേതൊരു സർക്കാർ ലേലത്തേയും പോലെ, ഇതും എല്ലാവർക്കും തുറന്നുകൊടുക്കുമെന്നും എന്നാൽ ഒരു നിബന്ധനയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ലിഥിയം ഇന്ത്യയിൽ മാത്രമേ ശുദ്ധീകരിക്കപ്പെടുകയുള്ളൂവെന്നും സംസ്‌കരണത്തിനായി വിദേശത്തേക്ക് അയക്കരുതെന്നുമുള്ള നിബന്ധനയാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വെയ്ക്കുകയെന്നാണ് ലഭ്യമാകുന്ന സൂചന. നിലവിൽ ഇന്ത്യ പൂർണമായും ലിഥിയം ഇറക്കുമതി ചെയ്യുകയാണ്. 2020-21 വർഷത്തിൽ 173 കോടി രൂപയുടെ ലിഥിയവും 8,811 കോടി രൂപയുടെ ലിഥിയം അയോണുകളുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിലെ മുഖ്യഘടകമാണ് ലിഥിയം. ഇപ്പോൾ, ഇന്ത്യയിൽ ലിഥിയം ശുദ്ധീകരണ സൗകര്യം ഇല്ല . 2030-ഓടെ 30% സ്വകാര്യ ഓട്ടോമൊബൈലുകളും 70% വാണിജ്യ വാഹനങ്ങളും 80% ഇരുചക്ര, മുച്ചക്ര വാഹനങ്ങളും രാജ്യത്ത് തന്നെ വിൽപ്പന നടത്താനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.