ന്യൂഡൽഹി: പ്രമുഖ സ്വർണവ്യാപാരികളായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജോയ് ആലുക്കാസ് വർഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറിന്റേതാണ് നടപടി. ഹവാല വഴി ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മാറ്റുകയും പിന്നീട് ഈ കള്ളപ്പണം ജോയ് ആലുക്കാസ് വർഗീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
81.54 കോടി മൂല്യമുള്ള തൃശ്ശൂർ ശോഭാ സിറ്റിയിലെ സ്ഥലവും പാർപ്പിട കെട്ടിടവും അടങ്ങുന്ന 33 സ്ഥാവര സ്വത്തുക്കൾ, 91.22 ലക്ഷം മൂല്യമുള്ള 3 ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടി മൂല്യമുള്ള 3 സ്ഥിര നിക്ഷേപങ്ങൾ, ജോയ് ആലുക്കാസ് ഇന്ത്യയുടെ ഓഹരികൾ എന്നിവ കണ്ടുകെട്ടിയിട്ടുണ്ട്. ഫെബ്രുവരി 22 ന് ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങൾ എന്നിവയുൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഹവാല ഇടപാടുകളിൽ ജോയ് ആലുക്കാസിന്റെ സജീവ പങ്കാളിത്തം തെളിയിക്കുന്ന തെളിവുകൾ ഔദ്യോഗിക രേഖകൾ, മെയിലുകൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവയിൽ നിന്ന് പരിശോധനയ്ക്കിടെ ശേഖരിച്ചു.
ഈ കള്ളപ്പണം പിന്നീട് ജോയ് ആലുക്കാസ് വർഗീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയായ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസി, ദുബായിൽ നിക്ഷേപിച്ചു. ഇത്തരത്തിൽ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഗുണഭോക്താവായി ജോയ് ആലുക്കാസ് വർഗീസ് മാറുകയും ഫെമ 1999 ലെ സെക്ഷൻ 37 എ പ്രകാരം നടപടി സ്വീകരിച്ചതെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

