ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാൻ കഴിയില്ല; സുപ്രീം കോടതി

ന്യൂഡൽഹി: ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഇത്തരം ഒരു നിർദ്ദേശവും കോടതികൾക്ക് നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. അദാനി വിവാദവുമായി ബന്ധപ്പെട്ട് ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്ത നൽകുന്നത് തടയണമെന്ന് കാട്ടി അഭിഭാഷകൻ എം എൽ ശർമ്മ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതി സമിതി സംബന്ധിച്ചുള്ള ഉത്തരവ് ഉടനുണ്ടാകുമെന്നും കോടതി വിശദമാക്കി. ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിവിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതിരിക്കാൻ പഠനം നടത്താനാണ് സമിതി രൂപീകരിച്ചത്. സമിതിയെ കുറിച്ച് കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ സുപ്രിം കോടതിയിൽ സമർപ്പിച്ചിരുന്നു. മുദ്രവച്ച കവറിൽ സർക്കാർ നൽകിയ പേരുകൾ സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു. അതേസമയം, ഹിൻഡൻബർഗി റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി എന്റർപ്രൈസസ് ഓഹരിവിപണിയിൽ ഇടിവ് നേരിട്ടു കൊണ്ടിരിക്കുകയാണ്.