പൂനെ: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരപ്രവർത്തനം പ്രധാന വ്യവസായമായ ഒരു രാജ്യത്തിന് ഒരിക്കലും പ്രശ്നങ്ങളിൽ നിന്ന് പുറത്തുകടക്കാനോ പുരോഗതി കൈവരിക്കാനോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അയൽരാജ്യം നിലവിൽ നേരിടുന്ന പ്രതിസന്ധി അതിജീവിക്കാൻ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഏതെങ്കിലും വിധത്തിലുള്ള സഹായം ലഭ്യമാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഭീകരപ്രവർത്തനമാണ് ഇന്ത്യ-പാക് ബന്ധത്തിലെ അടിസ്ഥാന പ്രശ്നം. ഒരുതരത്തിലും അക്കാര്യം അവഗണിക്കാനാവില്ല. സുപ്രധാനമായ ഒരു തീരുമാനമെടുക്കേണ്ടി വരുന്ന സാഹചര്യത്തിൽ പൊതുജനതാത്പര്യം കൂടി താൻ പരിഗണിക്കും. ജനങ്ങളുടെ താത്പര്യത്തെക്കുറിച്ച് തനിക്ക് ധാരണയുണ്ട്. പാകിസ്താന് സഹായം നൽകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ മറുപടി എന്താണെന്ന് ഇതിനോടകം മനസിലായിട്ടുണ്ടാകും. ദേശീയ സുരക്ഷ സംരക്ഷിക്കാൻ ഇന്ത്യ ഏതറ്റം വരെയും പോകുമെന്നുള്ളതാണ് ഇന്ത്യയുടെ പ്രതിച്ഛായ. ദേശീയ സുരക്ഷ സംബന്ധിച്ചുള്ളതാണ് രാജ്യത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം വിശദമാക്കി.
ഇന്ത്യ ഒരിക്കലും അടിസ്ഥാന നിയന്ത്രണരേഖകൾ ലംഘിക്കുകയോ അവ ലംഘിക്കാൻ ആരേയും അനുവദിക്കുകയോ ചെയ്യില്ല. രാജ്യമിപ്പോൾ ശ്രദ്ധ നൽകുന്നത് ആത്മനിർഭർ ഭാരതിന് പ്രോത്സാഹനമേകുന്ന നയങ്ങൾക്കാണ്. വാണിജ്യമേഖലയിലുൾപ്പെടെയുള്ള വിദേശകടന്നുകയറ്റം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

