ന്യൂഡൽഹി: ഡിഎൻഎ പരിശോധനയുമായി ബന്ധപ്പെട്ട് നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. ദമ്പതികൾ തമ്മിൽ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച തർക്കങ്ങൾ ഉണ്ടായാൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഡിഎൻഎ പരിശോധന നടത്താൻ പാടുള്ളുവെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകി. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുക്കുകയും വിവാദം പരിഹരിക്കാൻ വേറെ വഴി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഡിഎൻഎ പരിശോധന നടത്താൻ പാടുള്ളുവെന്ന് കോടതി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തർക്കമുണ്ടാകുമ്പോൾ രക്ഷിതാക്കൾ ഇരുവരുടെയും സമ്മതത്തോടെ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാൻ കഴിയുമോയെന്ന നിയമപ്രശ്നമാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇത്തരം കേസുകളിൽ ഡിഎൻഎ പരിശോധന നടത്താനുള്ള മാർഗനിർദ്ദേശവും കോടതി പുറപ്പെടുവിച്ചു.

