തിരുവനന്തപുരം: മുത്തലാഖിനെ പിന്തുണച്ചു കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. പുരോഗമന ആശയങ്ങളെക്കുറിച്ച് വാചാലനാവുന്ന മുഖ്യമന്ത്രി വര്‍ഗീയവാദികളുടെ വോട്ടിന് വേണ്ടി സ്ത്രീവിരുദ്ധ മതാചാരത്തെ പിന്തുണക്കുന്നത് വഞ്ചനയാണെന്നും, മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീവിരുദ്ധതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഒരു മതവിശ്വാസിക്ക് ഒരു നിയമം, മറ്റൊരുമതവിശ്വാസിക്ക് മറ്റൊരുനിയമം എന്നതാണ് രാജ്യത്തുള്ളത്. അതാണ് മുത്തലാഖില്‍ കണ്ടത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയല്ലോ?. വിവാഹ മോചനം എല്ലാ വിഭാഗത്തിലും നടക്കുന്നുണ്ടല്ലോ?. അതെല്ലാം സിവിലായിട്ടാണല്ലോ കൈകാര്യം ചെയ്യുന്നത്. മുസ്ലീമിന് മാത്രം അത് എങ്ങനെ ക്രിമിനല്‍ കുറ്റമാകും’- എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. വിവാഹമോചനം നടത്തിയാല്‍ ഒരു വിഭാഗം മാത്രം ജയിലില്‍ പോകണമെന്ന നിയമം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനം സമ്മേളനത്തിലായിരുന്നു മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി വിമര്‍ശിച്ചത്.

