ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍: ഡിവൈഎഫ്‌ഐ

കൊച്ചി: ആര്‍എസ്എസ്- ജമാ അത്തെ ഇസ്ലാമി ചര്‍ച്ച ഗൗരവമുള്ള വിഷയമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കളായ വി.കെ സനോജും വസീഫും എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

‘വിഷയത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, യുവ ജന സംഘടനകള്‍ വിഷയത്തില്‍ പാലിക്കുന്ന മൗനം ദുരൂഹമാണ്. രഹസ്യ കൂടിക്കാഴ്ചയെ ഇടത് പക്ഷം എതിര്‍ക്കുമ്പോള്‍ ഇസ്ലാമോഫോബിയ എന്ന് മുദ്ര ചാര്‍ത്തുകയാണ് ജമാ അത്തെ ഇസ്ലാമി. ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ആകാശ് തില്ലങ്കേരി വിവാദത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നത് ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നതിനു മുന്‍പേ ഡിവൈഎഫ്‌ഐ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ പ്രതിപക്ഷ നേതാവ് വഞ്ചിക്കുന്നു. ആര്‍ എസ് എസും ജമാഅത്ത് ഇസ്ലാമിയും കോണ്‍ഗ്രസും കേരളത്തിന്റെ വികസനം തടയുന്നു’- നേതാക്കള്‍ വിമര്‍ശിച്ചു.

അതേസമയം, ആലപ്പുഴയില്‍ എസ്എഫ്‌ഐ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ ഭാരവാഹി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ അമ്പാടി ഉണ്ണിയെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും ഡിവൈഎഫ്‌ഐ അറിയിച്ചു.