തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ശക്തമായ ഭൂചലനം

ഇസ്താംബുള്‍: ഭൂകമ്ബദുരന്തത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ തുര്‍ക്കിയെയും സിറിയയെയും നടുക്കി 6.3 തീവ്രതയില്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ വീണ്ടും ശക്തമായ ഭൂചലനം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍, ഏതൊക്കെ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നോ ആളപായമുണ്ടോ എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. രണ്ട് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.

അതേസമയം, ഫെബ്രുവരി 6നാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം ഉണ്ടായത്. ഇരുരാജ്യങ്ങളിലുമായി 46,000ത്തിലേറെ പേര്‍ മരിച്ചു. ദുരന്തത്തിന് പിന്നാലെ കാഹ്റാമാന്‍മറാസ്, ഹാതെയ് പ്രവിശ്യകള്‍ ഒഴികെയുള്ള എല്ലാ ഭൂകമ്ബ ബാധിത മേഖലകളിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിയവര്‍ക്കായി നടത്തി വന്ന തെരച്ചില്‍ പൂര്‍ത്തിയാക്കിയെന്ന് തുര്‍ക്കി അറിയിച്ചിരുന്നു.