കെഎസ്ആർടിസി ജീവനക്കാരുടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ അനുവദിക്കാം; അനുമതി നൽകി ഇൻഷുറൻസ് വകുപ്പ്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ അനുവദിക്കാൻ അനുമതി നൽകി ഇൻഷുറൻസ് വകുപ്പ്. എസ്എൽഐ ആൻഡ് ജിഐഎസ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനാണ് ഇൻഷുറൻസ് വകുപ്പ് അനുമതി നൽകിയത്. കെഎസ്ആർടിസിയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിവിധ വിഭാഗം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കിയ എസ്എൽഐ, ജിഐഎസ് എൽഐസി, മറ്റ് നോൺ ഡിപ്പാർട്ട്‌മെന്റൽ റിക്കവറികൾ ഉൾപ്പെടെയുള്ളവ ഒരു വർഷത്തിനു മുകളിൽ കുടിശ്ശികയായിരുന്നു. ഈ കാലയളവിൽ മരണപ്പെട്ട 47 ഓളം ജീവനക്കാർക്ക് അവരുടെ മരണാനന്തരമുള്ള ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. ഇവർക്ക് മരണാനന്തരമുള്ള ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

അതേസമയം, ജനുവരി മാസം മുതൽ നവംബർ മാസം വരെയുള്ള 11 മാസത്തെ എസ്എൽഐ, ജിഐഎസ് കുടിശ്ശികത്തുകയായ 22.9 കോടി രൂപ പലിശയും പിഴപ്പലിശയും ഒഴിവാക്കി. ശബരിമല സ്‌പെഷ്യൽ സർവീസ് നടത്തിപ്പിൽനിന്നും ലഭ്യമായ അധിക വരുമാനത്തിൽ നിന്നുമുള്ള തുക ഇതിന് വേണ്ടി അടക്കുന്നതിനും, കഴിഞ്ഞ ഒരു വർഷ കാലയളവിൽ മരണപ്പെട്ട ജീവനക്കാരുടെ മരണാനന്തര ആനുകൂല്യങ്ങൾ പ്രത്യേക പരിഗണയിലൂടെ അനുവദിക്കണമെന്നായിരുന്നു കെഎസ്ആർടിസി സിഎംഡി അഭ്യർത്ഥിച്ചത്. 1988 ലെ എസ്എൽഐ ചട്ടത്തിൽ ഇളവ് നൽകി ഇതിനെ ഒരു പ്രത്യേക കേസ് ആയി പരിഗണിച്ച് ആനുകൂല്യങ്ങൾ അനുവദിക്കുകയായിരുന്നു.