പുരുഷന്മാർക്കും സ്ത്രീകൾക്കും പൊതുവായ വിവാഹപ്രായം: സുപ്രീം കോടതി ഹർജി തള്ളി

ന്യൂഡൽഹി: രാജ്യത്തെ പുരുഷന്മാർക്കും സ്ത്രീകൾക്കും പൊതുവായ വിവാഹപ്രായം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

പാർലമെന്റിന്റെ അധികാര പരിധിയിൽപെട്ട കാര്യമാണ് വിവാഹ പ്രായം ഉയർത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. നിയമം നിർമിക്കുന്നതിനു പാർലമന്റിനു നിർദേശം നൽകാൻ കോടതിക്കാവില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ സംരക്ഷണച്ചുമതല കോടതിക്ക് മാത്രമല്ല, പാർലമെന്റിനും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്ക് 18 വയസ്സുമാണ് വിവാഹപ്രായം.