ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ ദോസ്ത്’ എന്ന പേരില്‍ സിറിയ – തുര്‍ക്കി ഭൂകമ്ബത്തില്‍ ഇന്ത്യന്‍ സംഘം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനും മെഡിക്കല്‍ സഹായത്തിനും ട്വിറ്ററിലൂടെ നന്ദി അറിയിച്ച് തുര്‍ക്കി അംബാസഡര്‍ ഫിരാത് സുനേല്‍. ഇന്ത്യന്‍ സര്‍ക്കാരിനെ പോലെ വിശാലമനസ്‌കരായ ഇന്ത്യന്‍ ജനതയും ഭൂകമ്ബ മേഖലയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കൈകോര്‍ത്തു. ഇന്ത്യയുടെ വിലമതിക്കാനാകാത്ത എല്ലാ സഹായങ്ങള്‍ക്കും നന്ദി പറയുന്നു’ അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ നിന്ന് എത്തിച്ച സാമഗ്രികളുടെ വീഡിയോയും അദ്ദേഹം ട്വീറ്റില്‍ പങ്കുവെച്ചു.
അതേസമയം, ഭൂകമ്ബത്തില്‍ 46,000 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മെഡിക്കല്‍ കിറ്റുകളും വഹിച്ച് ഇന്ത്യയില്‍ നിന്ന് ആറ് വിമാനങ്ങളേയാണ് അയച്ചത്. 50 എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, ഡ്രില്ലിങ് മെഷീനുകള്‍, ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, മറ്റ് അവശ്യസേവനങ്ങളും ഉപകരണങ്ങളും ഇന്ത്യ എത്തിച്ചു.
‘തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലും കേടുപാട് സംഭവിക്കാത്ത ഒരു സ്‌കൂള്‍ മാത്രമാണ് അവശേഷിച്ചത്. അവിടെ കേവലം മണിക്കൂറുകള്‍ കൊണ്ട് ഞങ്ങള്‍ക്ക് ആശുപത്രി സജ്ജീകരിക്കാനും രോഗികളെ പരിചരിക്കാനും സാധിച്ചു. 10 ദിവസങ്ങള്‍ കൊണ്ട് 3600ല്‍ അധികം ദുരിത ബാധിതര്‍ക്ക് വൈദ്യസഹായം നല്‍കാനായി. പ്രാദേശിക ജനങ്ങളും അധികൃതരും ഞങ്ങളെ സഹായിച്ചു’-പാരാ 60 ഫീല്‍ഡ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓഫീസര്‍ മേജര്‍ ബീന തിവാരി എഎന്‍ഐയോട് പറഞ്ഞു. അതിനിടെ, തുര്‍ക്കിയിലെ ഇസ്‌കന്ദറൂണില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ മെഡിക്കല്‍ സംഘം തിരികെ ഇന്ത്യയിലെത്തി. അത്യാഹിത പരിചരണ വിഭാഗവും ഓപ്പറേഷന്‍ തിയേറ്ററുമടക്കം അത്യാധുനിക മെഡിക്കല്‍ സംവിധാനമാണ് താത്കാലികമായി തയ്യാറാക്കിയ ആശുപത്രിയില്‍ ഇന്ത്യന്‍ സൈന്യം സജ്ജീകരിച്ചത്.

