ചെന്നൈ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തമിഴ്നാട്ടിൽ 7,614 കോടി രൂപ നിക്ഷേപിക്കുമെന്ന പ്രഖ്യാപനവുമായി ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക്ക് വാഹന സ്റ്റാർട്ടപ്പ് കമ്പനിയായ ഒല ഇലക്ട്രിക്. കൃഷ്ണഗിരി ജില്ലയിലെ പോച്ചംപള്ളിയിലുള്ള ഓല ഫ്യൂച്ചർ ഫാക്ടറി വിപുലീകരിച്ച് ഇലക്ട്രിക് വാഹനങ്ങളിലും ഫോർ വീലറുകളിലും ഉപയോഗിക്കുന്ന സെല്ലുകൾ നിർമ്മിക്കാനാണ് നിക്ഷേപം നടത്തുകയെന്നാണ് വിവരം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ എന്നിവരുടെ സാന്നിധ്യത്തിൽ തമിഴ്‌നാട് സർക്കാരും ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
7,614 കോടി രൂപയിൽ, 5,114 കോടി രൂപയും സെൽ നിർമ്മാണ പ്ലാന്റിലേക്കായിരിക്കും പോകുന്നത് ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ഇന്ത്യൻ ഇവി നിർമ്മാതാക്കളുടെ ശ്രമം. പ്രതിവർഷം 1.4 ലക്ഷം യൂണിറ്റുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഫോർ വീലർ പ്ലാന്റിലേക്ക് ശേഷിക്കുന്ന 2,500 കോടി രൂപ നൽകുമെന്നാണ് പുറത്തു വരുന്ന വിവരം. ഇന്ത്യയുടെ ഇവി തലസ്ഥാനമായി ഉയർന്നുവരാനുള്ള ഉദ്ദേശ്യത്തോടെ വിപുലമായ സെൽ നിർമ്മാണത്തിന് ഹൊസൂർ-ധർമ്മപുരി-കൃഷ്ണഗിരി (എച്ച്ഡികെ) മേഖലയെ സംസ്ഥാനത്തിന്റെ ഇവി ഹബ്ബായി തമിഴ്‌നാട് സർക്കാർ ഉയർത്തിക്കാട്ടുന്നു.
അതേസമയം, നൂതന സെല്ലുകൾ വികസിപ്പിക്കുന്നതിനുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്‌കീമിന് കീഴിൽ ഇവി സെല്ലുകൾ നിർമ്മിക്കാനുള്ള ഒലയുടെ അപേക്ഷ 2022 ൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. 20 ജിഗാവാട്ട് ശേഷിയാണ് അനുവദിച്ചത്. ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയും ജാപ്പനീസ് വാഹന ബ്രൻഡായ നിസാനും തമ്മിലുള്ള സംയുക്ത സംരംഭം തമിഴ്‌നാട്ടിൽ 5000 കോടിയോളം രൂപ നിക്ഷേപിക്കുമെന്ന പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു.

