സർക്കാറിന്റെ പി.ആർ വർക്കുകൾ ഓരോന്നായി പൊളിയുകയാണ്; ധനമന്ത്രിയ്ക്ക് മറുപടിയുമായി എൻ കെ പ്രേമചന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ എംപി. ജി.എസ്.ടി വിഷയത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പാർലമെന്റിലെ ജിഎസ്ടി ചോദ്യത്തിനെ വിമർശിച്ച ധനമന്ത്രി കെ.എൻ ബാലഗോപാലിന് മറുപടി നൽകി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചോദ്യം എങ്ങിനെയാണ് കേരള വിരുദ്ധമാകുന്നതെന്ന് എൻ കെ പ്രേമചന്ദ്രൻ ചോദിക്കുന്നു.

ചോദ്യത്തിന്റെ പേരിൽ താൻ സൈബർ ആക്രമണം നേരിട്ടു. ജി.എസ്.ടി വിഹിതം നഷ്ടപ്പെടുത്താനാണ് പാർലമെന്റിൽ ചോദ്യം ചോദിച്ചതെന്നായിരുന്നു ധനമന്ത്രിയുടെ ആരോപണം. എന്നാൽ ചോദ്യം കൊണ്ട് കേന്ദ്രമന്ത്രിയുടെ ഉറപ്പ് ലഭ്യമായില്ലേ. ചോദ്യകർത്താവാണോ നടപടികളിൽ വീഴ്ച വരുത്തിയവരാണോ കുറ്റക്കാർ. ചോദ്യത്തെ തുടർന്ന് കേരളം റിപ്പോർട്ട് കൊടുത്തില്ലെന്ന് ജി.എസ്.ടി കൗൺസിൽ യോഗം സ്ഥിരീകരിച്ചു. ഐ.ജി.എസ്.ടി വിഹിതം കിട്ടിയോ എന്ന ചോദ്യത്തിന് സൈബർ സഖാക്കൾക്കും മന്ത്രിക്കും ഉത്തരമില്ല. സർക്കാറിന്റെ പി.ആർ വർക്കുകൾ ഓരോന്നായി പൊളിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.