മാധ്യമ പ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ല; ആദായ നികുതി വകുപ്പിനെതിരെ ബിബിസി

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിന്റെ പരിശോധനാ നടപടികള്‍ ഡല്‍ഹി ഓഫീസില്‍ പുരോഗമിക്കുമ്പോള്‍ തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും ബിബിസി ആരോപിച്ചു.

‘ജീവനക്കാരുടെ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പ്രവര്‍ത്തനരീതി ചോദിച്ചറിഞ്ഞു. സര്‍വേ നടപടികളെ കുറിച്ചെഴുതുന്നതിന് വിലക്കുണ്ടായിരുന്നു. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന എഡിറ്റര്‍മാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിലുള്ളവരെ ഉദ്യോഗസ്ഥര്‍ അതിന് അനുവദിച്ചില്ല. പ്രക്ഷേപണ സമയം അവസാനിച്ചതിനു ശേഷം മാത്രമാണ് ഇവരെ ജോലി ചെയ്യാന്‍ അനുവദിച്ചത്’- ബിബിസി ഹിന്ദി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലൂടെയാണ് സ്ഥാപനത്തിന്റെ വിമര്‍ശനം.

അതേസമയം, ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനങ്ങളുടെ സ്‌കെയിലും അനുപാതികമല്ലെന്ന് ആദായ നികുതി വകുപ്പ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. രേഖകളും കരാറുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട അവസരങ്ങളില്‍ ബിബിസി ജീവനക്കാര്‍ മനഃപൂര്‍വ്വം വൈകിച്ചതായും വകുപ്പ് ആരോപിച്ചിരുന്നു.