ഇസ്ലാമാബാദ്: രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് പാകിസ്താൻ പ്രതിരോധമന്ത്രിയും പിഎംഎൽ-എൻ നേതാവുമായ ഖ്വാജ ആസിഫ്. പാകിസ്താൻ പാപ്പരായി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന് സാമ്പത്തിക തകർച്ച സംഭവിച്ചുവെന്ന് നിങ്ങൾ കേട്ടുകാണും. അത് ശരിയാണ്. നമ്മളിപ്പോൾ പാപ്പരായ ഒരു രാജ്യത്തിലെ പൗരന്മാരാണെന്നും അതുകൊണ്ട് ജനങ്ങൾ സ്വന്തം കാലിൽ ഉറച്ചുനിൽക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സിയാൽകോട്ടിലെ സ്വകാര്യ കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇമ്രാൻ ഖാൻ സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. രാജ്യത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഇമ്രാൻ ഖാൻ നയിച്ചിരുന്ന മുൻ സർക്കാരാണെന്നാണ് അദ്ദേഹം പറയുന്നത്. പിടിഐ നേതൃത്വം നൽകിയ ഇമ്രാൻ സർക്കാരാണ് രാജ്യത്ത് ഭീകരവാദം തഴച്ചുവളരാൻ അനുവദിച്ചത്. ഭരണം കയ്യാളിയിരുന്നപ്പോൾ ഇമ്രാൻ ഖാൻ നടത്തിയിരുന്ന കളികളുടെ ഫലമാണ് പാകിസ്താന്റെ ഇന്നത്തെ അവസ്ഥ. രാജ്യം ഇന്നനുഭവിക്കുന്ന ഭീകരതയാണ് ആ വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, അവശ്യവസ്തുക്കൾക്ക് ഉൾപ്പെടെ പാകിസ്താനിൽ വില കുതിച്ചുയരുകയാണ്. സാധാരണക്കാരന്റെ ജീവിതം വലിയ പ്രതിസന്ധിയിലായിരിക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്.

