‘ഒരു ലക്ഷം സംരംഭക വർഷം’ പഠിക്കാൻ വ്യവസായ വകുപ്പ്; ഐഐഎമ്മിനെ ചുമതലപ്പെടുത്തിയതായി മന്ത്രി പി രാജീവ്

തിരുവനന്തപുരം: ‘ഒരു ലക്ഷം സംരംഭക വർഷം’ പഠിക്കാൻ വ്യവസായ വകുപ്പ്. ഇതിനായി ഇൻഡോർ ഐഐഎമ്മിനെ ചുമതലപ്പെടുത്തിയതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. സാമൂഹിക, സാമ്പത്തിക മാറ്റങ്ങൾ പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംരംഭക വർഷം പദ്ധതിക്ക് എതിരായ മാദ്ധ്യമ വാർത്തയോട് പ്രതികരിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കുറവുകൾ മാത്രമാണുള്ളത് എന്നു പറയുന്നത് നാടിനെതിരായ യുദ്ധപ്രഖ്യാപനമാണ്. ഇത് നാടിനെതിരായ വാർത്തയാണെന്നും നൂറ് നല്ലത് കൊടുത്തിട്ട് രണ്ടെണ്ണം മോശമുണ്ടെങ്കിൽ നൽകാമായിരുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് ഇതിനകം സ്വകാര്യ മേഖലയിൽ എട്ട് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകിയെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതൽ പാർക്കുകൾക്കായി അപേക്ഷകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. വ്യവസായ രം?ഗത്ത് രാജ്യത്ത് 28ാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് 15ാം സ്ഥാനത്തേക്ക് മാറി. സർക്കാർ വ്യവസായ പാർക്കുകളിൽ ലഭിക്കുന്ന ആനുകുല്യങ്ങൾ ഇവിടെയും ലഭിക്കും. ഓരോ പാർക്കിനും സർക്കാർ മൂന്ന് കോടി രൂപ വീതം ഇൻസെന്റീവ് എന്ന നിലയിൽ നൽകും. നിയമാനുസൃതമായ എല്ലാ സഹായവും വ്യവസായികൾക്ക് വേഗത്തിൽ ലഭ്യമാക്കും. ഒരു ലക്ഷം സംരംഭം എന്ന പദ്ധതി അടുത്ത വർഷത്തേക്കും വ്യാപിപ്പിക്കും. സർക്കാർ ഉദ്ദേശിച്ചതിനേക്കാൾ സ്വീകാര്യതയാണ് ഇതിന് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതിയിൽ 41 ശതമാനം വനിതാ സംരംഭകരാണ് പുതുതായി വന്നിട്ടുള്ളത്. ഇതിൽനിന്ന് മികവിന്റെ അടിസ്ഥാനത്തിൽ അടുത്ത വർഷം ആയിരം സംരംഭങ്ങളെ തെരഞ്ഞെടുത്ത് ഓരോന്നും 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കാൻ സർക്കാർ എല്ലാ സഹായവും നൽകും. സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായനയം ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.