യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ല; സർക്കാർ ജീവനക്കാർക്ക് തിരിച്ചടിയായി പുതിയ ഉത്തരവ്

തിരുവനന്തപുരം: യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന ഉത്തരവ് സർക്കാർ ജീവനക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. സർക്കാർ ഇതര വരുമാനമുണ്ടാക്കാനുള്ള ജോലി ചെയ്യരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിരവധി ഉദ്യോഗസ്ഥർ നിലവിൽ യൂട്യൂബ് ചാനൽ നടത്തി അധികവരുമാനം കണ്ടെത്തുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവർത്തനവും ക്രിയാത്മക സ്വാതന്ത്ര്യവുമായി കണക്കാക്കാമെങ്കിലും യൂട്യൂബ് ചാനൽ പാടില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഈ മാസം ആദ്യമാണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

സബ്‌സ്‌ക്രൈബേഴ്‌സ് കൂടിയാൽ സാമ്പത്തിക നേട്ടമുണ്ടാവുമെന്നും ഇത് 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അനുമതി തേടി അഗ്നിരക്ഷാ സേനാംഗം ഡിജിപി വഴി നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.

ഒട്ടേറെ സർക്കാർ ഉദ്യോഗസ്ഥർ യൂട്യൂബ് ചാനൽ വഴി നിലവിൽ അധികവരുമാനം ഉണ്ടാക്കുന്നുണ്ട്. സ്വതന്ത്രമായ പേരിട്ട്, കുടുംബാംഗങ്ങളുടെ പേരിൽ ചാനൽ തുടങ്ങിയവരാണ് അധികവരുമാനം നേടുന്നവരിൽ കൂടുതൽ പേരും. പുതിയ ഉത്തരവിലൂടെ ഇത്തരക്കാരെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.