മത്സരയോട്ടം വേണ്ട; കൊച്ചിയിലെ സ്വകാര്യ ബസുകളുടെ നിയമലംഘനം അറിയിക്കാന്‍ വാട്‌സാപ്പ് നമ്പര്‍

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും നിയമലംഘനവും അറിയിക്കാന്‍ വാട്‌സാപ്പ് നമ്പര്‍ നിലവില്‍ വന്നു. 6238100100 എന്ന നമ്പറിലാണ് സിറ്റി ട്രാഫിക് പൊലീസിനെ പരാതികള്‍ അറിയിക്കേണ്ടത്. ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങള്‍.

മന്ത്രിയുടെ വാക്കുകള്‍

’28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും 2 വീതം ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കും. പുറമെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസുകളുടെ നിരന്തര മേല്‍നോട്ടവുമുണ്ടാകും. ബസില്‍ നിന്നും റോഡിന്റെ മുന്‍വശവും അകവും കാണാവുന്ന തരത്തില്‍ 2 ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ക്യാമറ വാങ്ങാനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അഥോറിറ്റി വഹിക്കും. ക്യാമറ സംബന്ധിച്ച മാര്‍ഗനിര്‍ദേശവും അഥോറിറ്റി നല്‍കും. കെഎസ്ആര്‍ടിസി ബസുകളിലും ക്യാമറ സ്ഥാപിക്കും. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏര്‍പ്പെടുത്തും. സ്വകാര്യ ബസുകളുടെ മേല്‍നോട്ടച്ചുമതല മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകമായി നിശ്ചയിച്ചു നല്‍കും. ബസിന്റെ ഫിറ്റ്‌നസ് അടക്കമുള്ള പരിശോധനകളുടെ ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥനായിരിക്കും. മത്സരയോട്ടം തടയാനുള്ള നടപടികളുടെ ഭാഗമായി ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ ക്ലസ്റ്റര്‍ രൂപീകരിച്ച് വരുമാനം പങ്കുവെക്കുന്ന നിര്‍ദ്ദേശം ചര്‍ച്ച ചെയ്ത് തീരുമാനം ബസുടമകള്‍ അറിയിക്കണം. ഡ്രൈവറുടെയും കണ്ടക്റ്ററുടെയും പേര്, വിലാസം, ലൈസന്‍സ് നമ്പര്‍ തുടങ്ങിയവ മോട്ടോര്‍ വാഹന വകുപ്പിന് നല്‍കണം. ബസിനകത്തും പ്രസക്തമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പരാതി നല്‍കുന്നതിന് ബസിന്റെ ചുമതലയുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നമ്പറും ഉണ്ടാകണം. മാര്‍ച്ച് ഒന്നിന് മുമ്പായി ഇവ നടപ്പാക്കണം. ഡ്രൈവര്‍മാര്‍ക്കും കണ്ടക്റ്റര്‍മാര്‍ക്കും 6 മാസത്തിലൊരിക്കല്‍ റോഡ് സുരക്ഷാ അഥോറിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ പരിശീലനവും കൗണ്‍സലിങ്ങും നല്‍കും. റിഫ്രഷര്‍ കോഴ്‌സുകളുമുണ്ടാകും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, എക്‌സൈസ് ഏജന്‍സികളും പരിശീലന പരിപാടികളുമായി സഹകരിക്കും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്റ്റര്‍മാര്‍ക്കും 6 മാസത്തിലൊരിക്കല്‍ വൈദ്യപരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ദീര്‍ഘദൂര കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങളില്‍ ഡ്രൈവറും കണ്ടക്റ്ററും വാഹനമോടിക്കുന്ന ഡ്രൈവര്‍-കം- കണ്ടക്റ്റര്‍ സംവിധാനം നടപ്പാക്കുന്നത് പരിഗണനയിലാണ്. ബസുകളുടെ റണ്ണിങ് സമയവും ടൈം ഷെഡ്യൂളും പുനഃനിശ്ചയിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി സമിതിയെ നിയോഗിക്കും. ബസുകള്‍ വിദ്യാര്‍ഥി സൗഹൃദമാക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കും. ട്രാഫിക് റൂട്ടുകള്‍ പരിഷ്‌കരിക്കുന്ന ഘട്ടത്തില്‍ ഉടമകളുമായും തൊഴിലാളികളുമായും കൂടിയാലോചിക്കും. സേഫ് കേരള പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 826 ആധുനിക ക്യാമറകള്‍ ഉടനെ പ്രവര്‍ത്തനം തുടങ്ങും. ലെയ്ന്‍ ട്രാഫിക് കര്‍ശനമാക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരും. ലഹരി കടത്താന്‍ ഉപയോഗിക്കുന്ന ബസുകള്‍ പിടിച്ചെടുക്കും.’