കൊച്ചി: രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ ഉൾപ്പെട്ട് കൊച്ചിയും. കുണ്ടന്നൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷാ മേഖലകളായി ഉൾപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്.
കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡും കപ്പൽശാലയും അനുബന്ധപ്രദേശങ്ങളുമാണ് കേന്ദ്രത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കർശന സുരക്ഷാനിരീക്ഷണം വേണ്ട പ്രദേശങ്ങളാണിത്. കൊച്ചിൻ ഷിപ്പ്യാർഡ്, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ, നേവൽജെട്ടി, റോറോ ജെട്ടി, കൊച്ചിൻ പോസ്റ്റ് ട്രസ്റ്റ് ക്വാർട്ടർ, നേവൽ ബേസ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സ്, പോർട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കൺ സ്റ്റോറേജ് ഓയിൽ ടാങ്ക്, കുണ്ടന്നൂർ ഹൈവേ, വാക് വേ, നേവൽ എയർപോർട്ട് എന്നിവിടങ്ങളാണ് സുരക്ഷാ മേഖലകൾ.
ഔദ്യോഗിക രഹസ്യനിയമം ബാധകമായ ഈ മേഖലകളിൽ പൊതുജനങ്ങൾക്ക് കർശന നിയന്ത്രണമുണ്ടായിരിക്കും. ഈ മേഖലകളിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത് ശത്രുരാജ്യങ്ങൾക്ക് സഹായകമാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളാണ് മറ്റ് അതീവ സുരക്ഷാ മേഖലകളുള്ളത്.

