കൊച്ചി: മലയാള സിനിമയിലെ പല താരങ്ങളുടെയും ഓഫീസുകളിലും വീടുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പല താരങ്ങളുടെയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ആദായനികുതി വകുപ്പ് മൊഴിയെടുക്കുന്ന മൂന്നാമത്തെ പ്രധാനിയാണ് മോഹൻലാൽ. നേരത്തെ പൃഥ്വിരാജ്, മമ്മൂട്ടി തുടങ്ങിയ പ്രമുഖരുടെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തിയിരുന്നു.
ഡിസംബറിലാണ് മലയാള സിനിമാ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതിവകുപ്പിന്റെ പരിശോധന നടത്തിയത്. നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, നടനും നിർമ്മാതാവുമായ പൃഥിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ വീടുകളിൽ അന്ന് പരിശോധന നടന്നു. ഇതുമായി ബന്ധപ്പെട്ടാണ് താരങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയും രേഖകളും പരിശോധിച്ച് ആദായ നികുതി വകുപ്പ് അന്തിമ നിലപാടിലെത്തും. തെറ്റ് ചെയ്തെന്ന് വന്നാൽ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള പ്രമുഖ പിഴ അടയ്ക്കേണ്ടി വരുമെന്നാണ് വിവരം. നേരത്തെ ചില താരങ്ങൾ ഇത്തരത്തിൽ പിഴ അടച്ച് നിയമ നടപടികൾ നേരിട്ടിട്ടുണ്ട്.
താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടും ആദായ നികുതി വകുപ്പ് പരിശോധനകൾ നടത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇഡി മോഹൻലാലിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിദേശത്തെ സ്വത്ത് വകകളെ കുറിച്ചുമാണ് ആദായ നികുതി വകുപ്പ് മോഹൻലാലിൽ നിന്നും ചോദിച്ചറിഞ്ഞത്.

