കണ്ണൂർ: ഡിവൈഎഫ്‌ഐ പ്രവർത്തകയെ അപമാനിച്ച കേസിൽ കീഴടങ്ങിയ ആകാശ് തില്ലങ്കേരിയ്ക്ക് ജാമ്യം ലഭിച്ചു. മട്ടന്നൂർ കോടതിയിലാണ് ആകാശ് തില്ലങ്കേരി കീഴടങ്ങിയത്. ആകാശ് ഉൾപ്പെടെ മൂന്ന് പ്രതികൾക്കും കേസിൽ ജാമ്യം ലഭിച്ചു.
ഷുഹൈബ് വധക്കേസിൽ സിപിഎമ്മിനെതിരെയുള്ള വെളിപ്പെടുത്തലിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിക്കെതിര പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി. സോഷ്യൽ മീഡിയ വഴി തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി വനിതാ നേതാവാണ് ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയത്. മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയാണ് പരാതിക്കാരിയായ ശ്രീലക്ഷ്മി അനൂപ്.
ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ആകാശിനെതിരെ ഡിവൈഎഫ്ഐ കമ്മിറ്റിയിൽ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ ശ്രീലക്ഷ്മി ആരോപിക്കുന്നു.
പരാതിയിൽ കേസെടുത്തതിന് പിന്നാലെ ആകാശ് ഒളിവിൽ പോയിരുന്നു. വീട്ടിൽ പരിശോധന നടത്തിയെന്നും ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാൽ ഒളിവിലായിരുന്നപ്പോഴും ആകാശ് ഫേസ്ബുക്കിൽ സജീവമായിരുന്നു. ഇന്നാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്.

