പ്രായ പരിധി നീക്കി; 65 കഴിഞ്ഞവര്‍ക്കും ഇനി അവയവം സ്വീകരിക്കാം

ന്യൂഡല്‍ഹി: ആയുര്‍ദൈര്‍ഘ്യം കണക്കിലെടുത്ത് അവയവം സ്വീകരിക്കുന്നതിനുള്ള പ്രായ പരിധി നീക്കി ആരോഗ്യമന്ത്രാലയം. അവയവ ദാനത്തിനായി ദേശീയ നയം രൂപീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, മരിച്ചവരില്‍ നിന്ന് അവയവം സ്വീകരിക്കാനുള്ള പരമാവധി പ്രായപരിധി നേരത്തെ 65 വയസായിരുന്നു. എന്നാല്‍, ആയുര്‍ദൈര്‍ഘ്യം കൂടിയ സാഹചര്യത്തില്‍ 65 വയസ് ഉയര്‍ന്ന പ്രായമായി കണക്കാക്കാനാകില്ലെന്നും, മുതിര്‍ന്ന പൗരന്മാര്‍ക്കും അവസരം ലഭിക്കണമെന്നും വ്യക്തമാക്കി. യുവാക്കള്‍ക്കായിരിക്കും മുന്‍ഗണനയെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഒരു രാജ്യം ഒരു നയം പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് അവയവ ദാന ചട്ടങ്ങളിലും കേന്ദ്രം സുപ്രധാന മാറ്റങ്ങള്‍ വരുത്തുന്നത്. സ്വന്തം സംസ്ഥാനത്ത് മാത്രം രജിസ്‌ട്രേഷനെന്ന ചട്ടം ഒഴിവാക്കും. ഇനി രാജ്യത്ത് എവിടെയും രജിസ്‌ട്രേഷന്‍ നടത്താം. അതേസമയം, കേരളമുള്‍പ്പടെ ചില സംസ്ഥാനങ്ങളില്‍ അവയവദാന രജിസ്‌ട്രേഷന് പണമീടാക്കുന്നുണ്ട്. ഇത് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.