ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം വെക്കേഷൻ ആഘോഷിച്ച് രാഹുൽ ഗാന്ധി; മഞ്ഞിൽ സ്‌കീയിംഗ് ചെയ്യുന്ന ചിത്രങ്ങൾ വൈറലാകുന്നു

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര പൂർത്തിയാക്കിയ ശേഷം വെക്കേഷൻ ആഘോഷിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീരിലാണ് ഇപ്പോൾ രാഹുൽ ഗാന്ധിയുള്ളത്. ഗുൽമാർഗിലെ മഞ്ഞിൽ സ്‌കീയിംഗ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ഇവിടെയെത്തിയ മറ്റ് സഞ്ചാരികൾ രാഹുലിനൊപ്പം ചിത്രങ്ങൾ എടുക്കുന്നതും വീഡിയോയിലുണ്ട്.

ഗുൽമാർഗിൽ രാഹുൽ ഗാന്ധി കേബിൾ കാർ സവാരി നടത്തിയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താഗ്മാർഗ് പട്ടണത്തിൽ ഒരു ചടങ്ങിൽ രാഹുൽ പങ്കെടുക്കാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കഴിഞ്ഞ മാസമാണ് സമാപിച്ചത്. കന്യാകുമാരി മുതൽ ജമ്മു കാശ്മീർ വരെ 3,970 കിലോമീറ്റർ ദൂരമാണ് ഭാരത് ജോഡോ യാത്ര നടന്നത്. ശ്രീനഗറിൽ വെച്ചായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം. പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവർത്തകരുടേയും ജനങ്ങളുടേയും സ്നേഹവും പിന്തുണയുമായാണ് ഭാരത് ജോഡോ യാത്ര പൂർത്തീകരിക്കാൻ തുണയായതെന്ന് അദ്ദേഹം സമാപന സമ്മേളനത്തിൽ പറഞ്ഞിരുന്നു.