ബംഗളൂരു: വാഹനമോടിക്കാൻ ഏറ്റവും വേഗത കുറഞ്ഞ നഗരമായി ബംഗളൂരു. ജിയോലൊക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റ് ടോംടോം നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ വർഷം ബംഗളൂരു നഗരത്തിനുള്ളിൽ 10 കിലോമീറ്റർ ദൂരം പിന്നിടാൻ 28 മിനിറ്റ് 9 സെക്കൻഡും എടുത്തതായി റിപ്പോർട്ടിൽ പറയുന്നു.
ലണ്ടനാണ് ഈ സർവ്വേയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇതേ ദൂരം പിന്നിടാൻ ലണ്ടനിൽ വേണ്ടത് 35 മിനിറ്റാണ്. അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിൻ, ജാപ്പനീസ് നഗരമായ സപ്പോറോ, ഇറ്റലിയിലെ മിലാൻ എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. അതേസമയം, നീണ്ട ഗതാഗതക്കുരുക്ക് മൂലം ഉണ്ടാകുന്ന സമയ നഷ്ടവും കാർബൺ പുറന്തള്ളലും പഠനം പരിശോധിച്ചിരുന്നു. ഈ കേസുകളിൽ ആദ്യ അഞ്ചിൽ ബെംഗളൂരുവും ഉൾപ്പെടുന്നുണ്ട്.
129 മണിക്കൂറായിരുന്ന ുബംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്കിനെ തുടർന്ന് കഴിഞ്ഞ വർഷം നഷ്ടമായ ശരാശരി സമയമെന്ന് പഠനനത്തിൽ പറയുന്നു. ഇക്കാര്യത്തിൽ ബംഗളൂരു നാലാം സ്ഥാനത്താണ്. ട്രാഫിക് തിരക്കിനിടയിൽ പ്രസ്തുത സമയത്ത് പെട്രോൾ കാറുകൾ 974 കിലോ കാർബൺ പുറന്തള്ളിയിരുന്നു. 2022ൽ ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളപ്പെട്ടതിൽ അഞ്ചാം സ്ഥാനത്താണ് ബംഗളൂരു. ഇൻ-ഡാഷ് കാർ നാവിഗേഷൻ, സ്മാർട്ട്‌ഫോണുകൾ, വ്യക്തിഗത നാവിഗേഷൻ ഉപകരണങ്ങൾ, ടെലിമാറ്റിക്‌സ് സംവിധാനങ്ങൾ എന്നിങ്ങനെ 600 ദശലക്ഷം ഉപകരണങ്ങൾ വിശകലനം ചെയ്താണ് ടോംടോം ഈ കണക്കുകൾ പുറത്തുവിട്ടത്.

