തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാ സുരേഷ്. കേസിൽ എല്ലാ വമ്പൻ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വപ്‌ന വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേർന്ന് കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് സ്വപ്‌ന ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും. സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ നിയമ പോരാട്ടം തുടരും. ഇ ഡി ശരിയായ പാതയിലൂടെയാണ് പോകുന്നത്. ഇക്കാര്യത്തിൽ സന്തോഷമുണ്ടെന്നും സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു. ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സ്വപ്‌നയുടെ പ്രതികരണം.
ബിരിയാണിച്ചെമ്പ് ആരോപണവും സ്വപ്ന സുരേഷ് ആവർത്തിച്ചു. ശിവശങ്കറുമായി പ്രത്യേക റിലേഷൻഷിപ്പ് ഉണ്ടായിരുന്നതു കൊണ്ട്, തനിക്ക് അനുസരിക്കാൻ മാത്രമെ കഴിയുമായിരുന്നുള്ളൂ. നമ്മളെ ഉപയോഗിക്കുകയായിരുന്നു. താനിതിൽ വ്യക്തിപരമായി ഒന്നും ചെയ്തിട്ടില്ല. വാങ്ങുന്ന ശമ്പളത്തിന് അനുസരിക്കണം. ശിവശങ്കർ വായ തുറക്കേണ്ടിവരും. സത്യം വെളിയിൽ വരണം. പുതുതായി പ്രതിയാക്കപ്പെട്ട യദു കൃഷ്ണനെ കുറിച്ച് വ്യക്തിപരമായി അറിയില്ല. ഈ കേസ് മുന്നോട്ട് പോകണമെങ്കിൽ താൻ കൂടി പ്രതിയാകണം. തനിക്ക് ഏത് നിമിഷവും നോട്ടീസ് ലഭിച്ചേക്കാമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.

