ബംഗളൂരു: ഇന്ത്യന്‍ പ്രതിരോധ ഉല്‍പന്നങ്ങളുടെ കയറ്റുമതി 12,500 കോടി രൂപ കവിഞ്ഞെന്നും 2024-25ല്‍ ഇത് 40,000 കോടിയിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷനില്‍ എയ്റോ ഇന്ത്യ 2023 പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘വിവിധ രാജ്യങ്ങളിലെ പ്രതിരോധ സ്ഥാപനങ്ങളുമായി 75,000 കോടിയുടെ നിക്ഷേപ കരാര്‍ മേക്ക് ഇന്‍ ഇന്ത്യയിലും പ്രതീക്ഷിക്കുന്നു. പ്രതിരോധമേഖലയിലെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമായിരുന്നു ഒമ്ബതു വര്‍ഷം മുമ്ബ് ഇന്ത്യ. എന്നാലിന്ന് 75 രാജ്യങ്ങളിലേക്ക് അവ കയറ്റുമതി ചെയ്യുന്ന സ്ഥിതിയിലേക്ക് വളര്‍ന്നു. ഈ മേഖലയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായി വളരുകയാണ് ലക്ഷ്യം. പൊതുമേഖലയ്ക്കൊപ്പം സ്വകാര്യ നിക്ഷേപകരും പങ്കാളികളാകണം. പുതിയ സാദ്ധ്യതകളും അവസരങ്ങളും വിനിയോഗിക്കുന്നതില്‍ രാജ്യം ആരെയും ഭയപ്പെടുന്നില്ല. വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത്, തേജസ് ഫൈറ്റര്‍, ഹെലികോപ്ടര്‍ എന്നിവ ലോകോത്തര നിലവാരത്തില്‍ നിര്‍മ്മിച്ച് ഇന്ത്യ കരുത്ത് തെളിയിച്ചുകഴിഞ്ഞു. കര്‍ണാടകത്തിലെ തുംകൂറിലും ഗുജറാത്തിലെ സൂറത്തിലും ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മ്മാണകേന്ദ്രങ്ങളാണ്. വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയതോടെ പ്രതിരോധം ഉള്‍പ്പെടെ മേഖലകളില്‍ വിദേശ നിക്ഷേപം വര്‍ദ്ധിച്ചു’- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രതിരോധ സഹമന്ത്രി അജിത് ഭട്ട് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

